
ഇറാനെതിരെ സൈനിക നടപടിയിലേക്ക് അമേരിക്ക നീങ്ങുന്നുവെന്ന സൂചനകളാണ് അന്തരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിടുന്നത്. അറബിക്കടലും പേർഷ്യൻ ഗൾഫും യുദ്ധമുഖങ്ങളാകുമോ എന്ന ആശങ്ക ലോകമെങ്ങും വ്യാപിക്കുകയാണ്. ഇറാൻ - അമേരിക്ക യുദ്ധമുണ്ടായാൽ ഗൾഫ് ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളെയും ഇസ്രയേലിനെയും പ്രതികൂലമായി ബാധിക്കും. ഇത് ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ താറുമാറാക്കും. ഇക്കാര്യം മറ്റാരെക്കാളും നന്നായി അറിയാവുന്നയാളാണ് ട്രംപ്. അതിനാൽ, ഇറാനുമായുള്ള ദീർഘകാല യുദ്ധത്തിന് പകരം വെനസ്വേലയിൽ മഡുറോയെ അധികാരത്തിൽ നിന്നും പുറത്താക്കിയ മാതൃകയിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയെ പുറത്താക്കി ഇറാനിലെ ഷാ രാജകുടുംബത്തെ ഭരണം ഏൽപ്പിക്കുകയുമാണ് ട്രംപ് ലക്ഷ്യമിടുന്നത്.
യുഎസ് നാവികസേനയുടെ ശക്തിയുടെ പ്രതീകമായ യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പൽ ഇന്ത്യൻ മഹാസമുദ്രം കടന്ന് അറബിക്കടലിലേക്ക് നീങ്ങുകയാണ്. അതിനൊപ്പം ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളും മേഖലയിൽ സജ്ജമാണ്. എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങളിൽ ഇറങ്ങിയതിന്റെ ദൃശ്യങ്ങൾ തന്നെ അമേരിക്ക പുറത്തുവിട്ടു. ഇസ്രയേൽ, ഖത്തർ എന്നിവിടങ്ങളിൽ അധിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ സംഘർഷ സാധ്യത ശക്തമാക്കുന്നു.
അതേസമയം, ഇറാനിലെ പ്രതിഷേധങ്ങൾ രക്തരൂക്ഷിതമാണ്. അൽ ജസീറയുടെ കണക്കുപ്രകാരം 3,000ത്തിലധികം പേർ കൊല്ലപ്പെട്ടു. എന്നാൽ യഥാർത്ഥ മരണസംഖ്യ ഇതിലും ഭീകരമാണെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. പണപ്പെരുപ്പത്തിനെതിരെ ടെഹ്റാനിലെ ഗ്രാൻഡ് ബസാറിൽ ആരംഭിച്ച സമരം, അധികാരത്തിനെതിരായ തുറന്ന വെല്ലുവിളിയായി വളർന്നു.
ദീർഘകാല യുദ്ധങ്ങളുടെ കനത്ത വില ട്രംപ് മറന്നിട്ടില്ല. പുട്ടിനും സെലെൻസ്കിക്കും നേരിടേണ്ടിവന്ന അവസ്ഥകൾ അദ്ദേഹത്തിന്റെ മുന്നിലുണ്ട്. അതിനാൽ നേരിട്ടുള്ള അധിനിവേശത്തിനുപകരം, വെനസ്വേലയിലെ മാതൃകയിൽ ഒരു ഭരണമാറ്റം ലക്ഷ്യമിട്ട നീക്കങ്ങളായിരിക്കും ട്രംപ് പരീക്ഷിക്കുക എന്ന വിലയിരുത്തലാണ് ഉയരുന്നത്. ഖമനയിയെ മാറ്റി റെസ പഹ്ലവിയെ മുന്നോട്ടുകൊണ്ടുവരാനുള്ള പദ്ധതികളുണ്ടെന്ന റിപ്പോർട്ടുകളും ഇതോടൊപ്പം വരുന്നു.











